വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Friday 18 June, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും

വൈകുന്നേരം സമയം ഏതാണ്ട് അഞ്ചുമണിയായിക്കാണും, ചങ്ങനാശേരിക്കു പോകുകയാണ്, ഞാനും ക്യാപ്റ്റനും, ഉടനേ തന്നെ തിരിച്ചു വരണ്ടതു കൊണ്ട്, ബൈക്കിലാണ് യാത്ര.
  

മുക്കട വനത്തിലേക്കു കടന്നു കുറച്ചു ദൂരം പോയിക്കാണും, വഴിയോരത്തു കുറേ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു, ബ്ലോക്കൊന്നുമല്ല ഞങ്ങള്‍ക്കു കടന്നു പോകാം, പക്ഷേ അടുത്തെത്തിയപ്പോള്‍, വണ്ടിക്കെന്തോ കുഴപ്പം, നീങ്ങുന്നില്ല, ഒരു പുളച്ചിലും വെട്ടലും, തള്ളി നോക്കിയിട്ടും വണ്ടി അനങ്ങുന്നില്ല. വാഹനങ്ങളല്ലാതെ സമീപത്തെങ്ങും ഒരു മനുഷ്യനുമില്ല. എന്തു ചെയ്യണമെന്നറിയാതെ നിക്കുമ്പോള്‍ റോഡരികിലുള്ള ഇടവഴിയില്‍ നിന്നും ഒരാള്‍ കയറി വന്നു.

"വണ്ടി നിന്നു പോയി അല്ലേ"

"അതെ, എന്തു പറ്റിയെന്നറിയില്ല, സ്റ്റാര്‍ട്ടാവുന്നുണ്ട് പക്ഷേ നീങ്ങുന്നില്ല"

"സാരമില്ല, ആ സൈഡിലേക്കൊതുക്കി വച്ചിട്ടു ഈ വഴിയില്‍ കൂടി നടന്നോ, അവിടെ ഒരു വീടുണ്ട്, അവിടെ വരെ പോയിട്ടു വാ, അപ്പോഴേകും വണ്ടി ശരിയാകും."

"അല്ല ഞങ്ങള്‍ക്കു ചങ്ങനാശേരിക്കു പോകണ്ടതാ, ആ വീട്ടില്‍ ഞങ്ങളെന്തിനാ പോകുന്നത്."

"ഇത്രയും വണ്ടികള്‍ ഇവിടെ നിര്‍ത്തിയിരിക്കുന്നതു കണ്ടില്ലേ, പോയിട്ടു വാ, ശരിയാകും എല്ലാം,"

പറഞ്ഞുകൊണ്ടയാള്‍ ഒരു ബൈക്കില്‍ കയറി ഓടിച്ചു പോയി.


എന്തു ചെയ്യണം, ആകെ കണ്‍ഫ്യൂഷന്‍, നോക്കുമ്പോള്‍ അയാള്‍ പറഞ്ഞ വഴിയേ വീണ്ടും കുറേ ആള്‍ക്കാര്‍ വരുന്നുണ്ട്, എല്ലാവരുടേയും മുഖത്തെന്തോ ഒരു അരുതായ്ക. അവരും മുന്‍പേ പോയ ആളുടെ അതേ വാചകങ്ങള്‍ ആവര്‍ത്തിച്ചു.

"വരുന്നതു വരട്ടെ നമുക്കൊന്നു പോയി നോക്കാം"

എല്ലായ്പ്പോഴത്തേയും പോലെ ക്യപ്റ്റന്‍ ചാടിയിറങ്ങി, എന്നാപ്പിന്നെ പോയേക്കാം എന്താ കാര്യമെന്നറിയാമല്ലോ, ഞാനും പുറകേ നീങ്ങി. നടന്നു ചെല്ലുമ്പോള്‍ കാണാം വെട്ടുകല്ലു കൊണ്ടുള്ള ഓലമേഞ്ഞ ഒരു വീട്, ഒരുപാടാള്‍ക്കാര്‍ ഉണ്ടവിടെ, പരിചയക്കാര്‍ നിരവധി. എല്ലാവരുടേയും മുഖത്തു, ഭയമോ, ദൈന്യമോ എന്തോ ഒരു ഭാവം.

"ക്യാപ്റ്റാ നമുക്കു പോകണോ, എനിക്കെന്തോ പേടി തോന്നുന്നു."


"ഹ വാടാ ഏതായാലും നമ്മളിവിടെ വരെ വന്നു, എന്താന്നു നോക്കീട്ടു പോകാം"

ഒരു പരിചയക്കാരന്‍ ഉള്ളില്‍ നിന്നിറങ്ങി വരുന്നു, എന്താ കാര്യമെന്ന് അയാളോടു ചോദിച്ചപ്പോള്‍

"ഒന്നേ നോക്കാവൂ, അത്ര കഷ്ടമാണത്. "

പിന്നെയും ഒരു പേടി മനസില്‍, പിന്നെ കരുതി ഇത്രയധികം ആള്‍ക്കാര്‍ ഇവിടെ ഉണ്ടല്ലോ ഞാനെന്തിനാ പേടിക്കുന്നത്. 

ഉമ്മറത്തേക്കു കയറുമ്പോള്‍, തറയിലിട്ട പായയില്‍ ഇരിക്കുന്ന, വയസായ, മെല്ലിച്ച ഒരു സ്ത്രീ, പറഞ്ഞു.


"മോനേ അതു താഴേക്കിറങ്ങി വന്നു"

എന്തു വന്നുവെന്നു,  ഒന്നും മനസിലാകുന്നില്ല. രണ്ടും കല്പിച്ചു അകത്തേക്കു കയറി, ക്യാപ്റ്റന്‍ മുന്നിലും ഞാന്‍ പിറകിലുമായി.

മുറിക്കുള്ളില്‍, അരണ്ട വെളിച്ചം മാത്രമാണുള്ളത്,  പിന്നെ എന്തൊക്കെയോ മരുന്നുകളുടേയും പിന്നെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു ദുര്‍ഗന്ധവും, വെളിച്ചത്തില്‍ നിന്നു കയറിയതു കൊണ്ടാണെന്നു തോന്നുന്നു, ആദ്യം ഒന്നും കാണാന്‍ പറ്റിയില്ല, പതിയെ പതിയെ വ്യക്തമാകാന്‍ തുടങ്ങി. മുറിയില്‍ ഒരു കട്ടിലുണ്ട്, കട്ടിലില്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപവും.

ഒന്നു കൂടി നോക്കിയപ്പോള്‍, ഒന്നുകൂടിയേ നോക്കാന്‍ പറ്റിയുള്ളു, സ്തംഭിച്ചു നിന്നു പോയി ഒരു നിമിഷം അത്ര ഭീകരമായിരുന്നു, ആ രൂപം. 

ഇടത്തേ കണ്ണു മുതല്‍ താടിയെല്ലു വരെ പൊള്ളിയടര്‍ന്ന് വികൃതമാക്കപ്പെട്ടിരുന്നു. വലതേ കവിളില്‍ നിന്നും മുഴ പോലെയെന്തോ ഒന്നു തൂങ്ങിയാടുന്നു. മുഖത്തു നിന്നും, ഉരുകിയ പ്ലാസ്റ്റിക്കു പോലെ മാംസം ഉരുകിയൊലിക്കുന്നു. ഇടത്തേ കണ്ണിന്റെ ഭാഗത്തു ചീര്‍ത്ത ഒരു മാംസക്കഷ്ണം മാത്രം. അതും പഴുത്തളിഞ്ഞ രീതിയില്‍. പക്ഷേ ആ മുഖത്തെ ഭാവം വേദനയുടേതായിരുന്നില്ല, പൈശാചികത നിറഞ്ഞ, ഇനിയും കൈമോശം വന്നിട്ടില്ലാത്ത കുടിലതയാര്‍ന്ന ജീവിതത്തിന്റെ ബാക്കിപത്രമെന്ന പോലെ, പ്രതികാരവാഞ്ഛയോടെ, ഒരു ഗൂഡ മന്ദഹാസത്തോടെ ആ രൂപം ഞങ്ങളെ കൈയ്യാട്ടി വിളിക്കുകയാണ്. നോക്കി നില്‍ക്കെ ആ രൂപം പതിയെ ഞങ്ങളുടെ അടുത്തേക്കു വരികയാണ്

ഒരു നിലവിളി എന്റെ തൊണ്ടയില്‍ നിന്നുയര്‍ന്നു. ഭയം എന്ന വികാരം എന്നെ കീഴ്പ്പെടുത്തിയ നിമിഷം, കണ്ണിലിരുട്ടു കയറുന്നതു പോലെ, ഒരു നിമിഷം

**************************************************************************************************************

ആരോ എന്നെ തട്ടി വിളിക്കുന്നു, കണ്ണു തുറന്നു നോക്കുമ്പോള്‍, എന്റെ നിലവിളിയും പിടച്ചിലും കണ്ടു ഭയന്നു നില്‍ക്കുന്ന ഭാര്യ, ചുറ്റും നോക്കി ഇതെവിടെയാണ്, ഹൊ സമാധാനം, എന്റെ വീടാണ്, അപ്പോ ഇത്രയും നേരം കണ്ടതു മുഴുവന്‍ സ്വപ്നമായിരുന്നു. എങ്കിലും കണ്ണടയ്ക്കുമ്പോള്‍ മനസില്‍ ആ രൂപമാണ്, ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു.

**************************************************************************************************************

രാവിലേ ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ഫോണ്‍, ക്യാപ്റ്റനാണ്, പൊടിമോനെ പനിയായിട്ടു ഹോസ്പിറ്റലില്‍ കൊണ്ടു പോയിരിക്കുന്നു. പെട്ടന്നു തന്നെ തയ്യാറായി ചെന്നു, ക്യാപ്റ്റനേയും കൂട്ടി നേരേ ഹോസ്പിറ്റല്‍.  പൊടിയേ കണ്ടു, തൊട്ടാല്‍ പൊള്ളുന്ന പനിയാണവനു, പക്ഷേ പനിയിലുമുപരിയായി അവന്റെ മുഖത്തൊരു ഭയം പടര്‍ന്നിരിക്കുന്നു, ചോദിച്ചപ്പോള്‍, 


തലേ ദിവസം അവന്‍ മണിമലക്കു പോയിരുന്നു, തിരിച്ചു വന്നത് രാത്രിയാണ്, മുക്കട ആയപ്പോള്‍ വഴിയില്‍ ഒരാള്‍ കൈ കാണിച്ചു, വനമായതു കൊണ്ടവന്‍ നിര്‍ത്തിയില്ല പക്ഷേ അയാളെ കടന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ ഡോറിന്റെ ഗ്ലാസില്‍ പറ്റിപ്പിടിച്ചതു പോലെ ആ മനുഷ്യന്റെ ബീഭത്സമായ മുഖം, കാറിനൊപ്പം നീങ്ങുന്നു.


ഞാന്‍ സ്വപ്നം കണ്ട അതേ സമയം, അതേ രൂപം, അതേ സ്ഥലം.

13 comments:

  1. നുണ..കല്ലുവെച്ച നുണ. ഞാന്‍ വിശ്വസിക്കില്യ.

    ReplyDelete
  2. അതെ...വായാടിക്ക് എല്ലാ പിന്തുണിയും...അല്ല പിന്തുണയും...ഇങ്ങനേം നുണ എഴുതാന്‍ പാടുണ്ടോ!!!

    ReplyDelete
  3. എന്ത് സാധനമാടേയ്..... പൊടിമോനും താനും കൂടിയിരുന്ന് അടിച്ചത്...ങേ..? ഒർജിനലൊന്നും കിട്ടിയില്ലായിരുന്നോ..?!! :)

    ReplyDelete
  4. ഇത് നടന്ന സംഭവമാണോ നല്ലി.. ഭീകരം

    ReplyDelete
  5. നല്ലിക്ക് കുട്ട് എക്ഷിയും മാടനും ചാത്തനും
    പിന്ന എങ്ങനാ

    ReplyDelete
  6. നീ ഹോറര്‍ റിലേക്ക് മാറിയോ?

    ReplyDelete
  7. നിനക്ക് ചാത്തന്‍ കൂടിയിട്ടുണ്ട്ഡാ

    ReplyDelete
  8. പണ്ടാരം, ഇന്നത്തെ ഒറക്കം പോയി..

    ReplyDelete
  9. ഒരു മാതിരി കോഞ്ഞാട്ട വര്‍ണന..കരന്ടുമില്ല, വെള്ളവുമില്ല, ഇനി ഞാന്‍ എങ്ങിനെ രാത്രി മുള്ളാന്‍ പുറത്തിറങ്ങും ഈശ്വരാ..

    ReplyDelete
  10. ഞാന്‍ വിശ്വസിക്കില്ല ...ഉള്ളതാണോ? ഏതായാലും അവതരണം കലക്കി !!!

    ReplyDelete
  11. ഞാന്‍ വിശ്വസിക്കുന്നു...കാരണം ഇത് എല്ലാവര്‍ക്കും സംഭാവിക്കണമെന്നില്ല ..some things are unexplainable ...
    എന്തായാലും നല്ല അനുഭവം തന്നെ. ഇങ്ങനെയും ചിലത് ജീവിതത്തില്‍ വേണ്ടേ...

    ReplyDelete
  12. സ്വപ്‌നങ്ങള്‍ ടെ ദൈവം എന്തായാലും നല്ലിയെ ഫ്രീ ആക്കി തന്നല്ലോ .. ഭീഗര രൂപിയെ കാണിക്കാതെ
    പാവം കൂട്ടുകാരന്‍ :(
    നല്ല സ്വപ്‌നങ്ങള്‍ മാത്രം പകല്‍ വെളിച്ചത്തില്‍ ആവര്‍ത്തിക്കട്ടെ എന്ന് ആശംസിക്കുന്നു ..

    ReplyDelete