വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Monday 5 January, 2015

ജീവന്‍ രക്ഷാ പ്രവര്‍ത്തനം

അങ്ങനെ തന്റെ വിഖ്യാതമായ കൊലപാതകശ്രമത്തിനു ശേഷം കുട്ടനാശാരി നാട്ടിലെ താരമായി വിലസുന്ന കാലം, കൊലപാതക കേസിലെ പ്രതി ആയി എന്നതുകൊണ്ടൊന്നും പതിവു ശീലങ്ങളില്‍ നിന്നും മാറാന്‍ കുട്ടനാശാരി കൂട്ടാക്കിയില്ല,

പതിവ് പോലെ അന്നും ഷാപ്പില്‍ നിന്നിറങ്ങിക്കഴിഞ്ഞാണു ഓര്‍ത്തത് ഉണക്ക മീന്‍ മേടിക്കണം എന്ന് സരള ചേച്ചി പറഞ്ഞിരുന്ന കാര്യം, ഇനി അതു മേടിക്കാതെ വീട്ടില്‍ ചെന്ന് ഭദ്രകാളീടെ കയ്യീന്നൂടെ ഇടി മേടിക്കണ്ടല്ലൊ എന്നും മനസില്‍ കരുതി ഉണക്കമീന്‍ കടയില്‍ ചെന്ന് ഒന്നരക്കിലോ കുറിച്ചിയും (ആ അങ്ങനെ ഒരു മീനുമൊണ്ട്) വാങ്ങി  നേരേ വീട്ടിലേക്ക് വെച്ച് പിടിപ്പിക്കുമ്പോളാണ്, ഉണക്കമീന്റെ മണമടിച്ച് പിന്നാലെ രണ്ട് പട്ടികള്‍ കൂടിയത്, അങ്ങനെ കുട്ടനാശാരി മുന്നെയും പട്ടികള്‍ പിന്നാലെയുമായി, നടക്കുകയാണോ ഓടുകയാണൊ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ പാഞ്ഞ്  വഴിയിലുള്ള കൈത്തോടിനു സമീപം എത്തി. ചെറിയ പാലത്തില്‍ കൂടി കടക്കുക എന്നത് സമയമെടുക്കുന്ന കാര്യമായതിനാലും പിന്നിലെ പട്ടികള്‍ ഉണക്കമീന്‍ കൊണ്ട് പോകുമോ എന്ന  പേടിയുള്ളതിനാലും തോട് ചാടിക്കടക്കാം എന്ന് വെച്ച് ഒന്നേ രണ്ടേ മൂന്നേന്നെണ്ണി ഒരു ചാട്ടം ചാടിയതും, അയ്യപ്പൊത്തോന്നും പറഞ്ഞ് ദേ കെടക്കുന്ന് തോട്ടിലു

കുടിച്ച കള്ളിന്റെ വീര്യം കൊണ്ടാണോ എന്തോ മുട്ടൊപ്പം വെള്ളമുള്ള തോട്ടില്‍ വീണ കുട്ടനാശാരി കരുതിയത് നിലയില്ലാക്കയത്തിലേക്ക് താന്‍ മുങ്ങിത്താഴുകയാണെന്നാണ്, ഉണക്കമീനും കാത്തിരിക്കുന്ന സരള ചേച്ചി, പിള്ളാരു, അങ്ങനെ പലമുഖങ്ങള്‍ മനസില്‍ കൂടി കയറിയിറങ്ങി മരണത്തെ മുഖാമുഖം കാണുന്ന നിമിഷത്തിലാണ് കുട്ടനാശാരി തന്റെ കയ്യിലിരിക്കുന്ന കുറിച്ചിക്കുഞ്ഞുങ്ങളേ പറ്റി ഓര്‍ത്തത്, പിന്നെ താമസിച്ചില്ല, ഒരു പൊട്ടിക്കരച്ചിലോടേ പൊതിയഴിച്ച് വീശിയെറിഞ്ഞ് കുട്ടനാശാരി പറഞ്ഞു

എന്നെ നോക്കണ്ടാ, നിങ്ങളെങ്കിലും പോയി രക്ഷപെട് മക്കളേ, രക്ഷപെട് !!