വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Monday 5 January, 2015

ഭയം

നിശബ്ദത, നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു, അരണ്ട വെളിച്ചത്തില്‍ ഇട വഴി കാണാം, ഇരുവശങ്ങളിലും പടര്‍ന്ന് പന്തലിച്ച് നിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍, ഇഴ ജന്തുകളോ ചെറുമൃഗങ്ങളൊ പോലും കണ്ടേക്കാം, പോരാത്തതിനു പലരും പറഞ്ഞ് പരത്തിയിരിക്കുന്ന നിറം പിടിപ്പിച്ച കഥകളും, കയ്യിലൊരു വെളിച്ചമില്ല, എങ്കിലും കടന്നേ മതിയാവൂ, ഭയമെന്തെന്ന് അറിയാത്ത അയാള്‍ക്ക് ഉള്ളില്‍ നുരയുന്ന മദ്യത്തിന്റെ ലഹരി കൂടി ചേര്‍ന്ന് വീണ്ടും ധൈര്യം നല്‍കി, നടന്നു തുടങ്ങി അയാള്‍,

കുറച്ചങ്ങ് ചെന്നപ്പോള്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും അടക്കിപ്പിടിച്ച ചിരി കേള്‍ക്കുന്നുണ്ടോ ? അയാള്‍ ഒന്നു നിന്നു ചെവി വട്ടം പിടിച്ചു,  ഇല്ല ഒന്നും കേള്‍ക്കുന്നില്ല, നടപ്പ് തുടര്‍ന്നു, വീണ്ടും അതേ ശബ്ദം, ഇപ്പോള്‍ ചിരിയല്ല, ഒതുക്കിപ്പിടിച്ച തേങ്ങല്‍ പോലേ എന്തോ ഒന്ന്, വീണ്ടും നിന്നു, കാതോര്‍ക്കുകയാണു, ഇല്ല ഒന്നും കേള്‍ക്കാനില്ല, ഏയ് തോന്നലാവും, വീണ്ടും നടപ്പ് തുടങ്ങി, ഇല്ല എന്തോ ഒന്നുണ്ട്, തണുത്ത ഒരു കാറ്റയാളെ തഴുകി കടന്നു പോയി, നട്ടെല്ലില്‍ കൂടേ തണുപ്പരിച്ചു കയറുന്നതു പോലെ,

ആരാണു ?

അയാള്‍ ഉറക്കെ ചോദിച്ചു, അയാളുടേ ശബ്ദം നിശബ്ദതയെ കീറി മുറിച്ച് കടന്നു പോയി, ഒന്നുമില്ല, ഒന്നും,  അയാള്‍ വീണ്ടും നടന്നു, ചീവീടുകളുടേ സംഗീതം ഉയര്‍ന്നുയര്‍ന്നുകൊണ്ടേയിരുന്നു, വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ അസാധാരണമായ എന്തോ അനക്കങ്ങള്‍ അയാള്‍ക്ക് അനുഭവപ്പെട്ടു, ഇല്ല ധീരനാണു താന്‍, അടര്‍ക്കളത്തില്‍ പതറാതെ പൊരുതുന്നവന്‍, വിപ്ലവകാരി, ദൈവത്തില്‍ വിശ്വസിക്കാത്ത താന്‍ ഭൂതപ്രേതപിശാചുകളില്‍  വിശ്വസിക്കാനൊ, ഛായ്, അരയില്‍ നിന്നൊരു ബീഡി എടുത്ത് കത്തിച്ചയാള്‍ ആഞ്ഞ് വലിച്ചൊരു പുക ഊതി, ധൈര്യത്തില്‍ മുന്നോട്ടു നടന്നു, അല്ല ആരോ പിന്തുടരുന്നത് പോലെ, വീണ്ടും നിന്നയാള്‍ തിരിഞ്ഞ് നോക്കി, ഇല്ല ആരുമില്ല

ആരാണു ?

വീണ്ടും അയാള്‍ ഉറക്കെ ചോദിച്ചു, അതേ നിശബ്ദത, അതേ പടര്‍പ്പുകള്‍, അയാള്‍  നടന്നു, പെട്ടന്നാണ്, പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ഒരലറിക്കരച്ചില്‍, സാധാരണ ഒരു മനുഷ്യനാണെങ്കില്‍ ഭയന്ന് വിറയ്ക്കേണ്ടതാണ്, ഒരു ഞെട്ടലോടേ നിന്നെങ്കിലും പെട്ടന്ന് തന്നെ അയാള്‍ക്ക് മനസിലായി, ഏതോ ചെറിയ മൃഗത്തിന്റെ മരണക്കരച്ചിലാണത്, തന്നേക്കാള്‍ വലിയവനാല്‍ വേട്ടയാടപ്പെട്ടവന്റെ നിലവിളി, ഒരു ചെറു പുഞ്ചിരി വിടര്‍ന്നു അയാളില്‍, ബീഡി ആഞ്ഞ് വലിച്ചാ വെളിച്ചത്തില്‍ അയാള്‍ നടന്നു, ഇപ്പോള്‍ ഇട വഴി കഴിഞ്ഞിരിക്കുന്നു, സ്വന്തം ധൈര്യത്തില്‍ അഭിമാനം പൂണ്ട് അയാള്‍ നടന്നു,

ആ കാണുന്ന വളവു കഴിഞ്ഞാല്‍ കാണുന്ന വീട്ടിലേക്കാണയാള്‍ക്ക് ചെന്നെത്തേണ്ടത്, കറന്റില്ല എന്നു തോന്നുന്നു വലിച്ചിരുന്ന ബീഡി ദൂരേക്കെറിഞ്ഞ് അയാള്‍ കതകില്‍ മുട്ടി, ഒരു ഞരക്കത്തോടേ തുറന്ന വാതിലില്‍ അയാള്‍ കണ്ടു, കത്തുന്ന മെഴുകുതിരിയും പിടിച്ച് നില്‍ക്കുന്നവളെ, മെഴുകുതിരിയെക്കാള്‍ ശക്തമായി ജ്വലിക്കുന്ന അവളുടേ കണ്ണുകളേ, അവയിലെ ചോദ്യശരങ്ങളെ

ഒരക്ഷരം മിണ്ടാതെ വാതില്‍പ്പടിയില്‍ നില്‍ക്കുമ്പോള്‍, എന്തുകൊണ്ടോ അയാളില്‍ നിറഞ്ഞ്  നിന്നിരുന്നത് ഭയം എന്ന വികാരമായിരുന്നു, എന്തിനെന്നറിയാത്ത കാരണങ്ങളില്ലാത്ത ഭയം !!

1 comment: