വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Saturday 8 November 2014

അവള്‍

യാത്രകള്‍ പലപ്പോഴും വിസ്മയമാകുന്നത് ആകസ്മികമായി ഉണ്ടാകുന്ന ചില സംഭങ്ങളാലാണു, എത്തിച്ചേര്‍ന്ന സ്ഥലത്തേക്കാള്‍, അവിടെ കാത്തിരിക്കുന്ന അത്ഭുതത്തേക്കാള്‍ ചിലപ്പോള്‍ യാത്രകള്‍ ഓര്‍മ്മിക്കപ്പെടുന്നതാവുന്നത് ഇത്തരം ചില ആകസ്മികതകളാലായിരിക്കും

അത്തരമൊരു യാത്രയിലാണു സേതു അവളെ കണ്ടത്, ഒറ്റനോട്ടത്തില്‍ യാതൊരു പ്രത്യേകതകളുമില്ലാത്ത വെറും സാധാരണ രീതിയിലുള്ള വേഷവിധാനങ്ങളണിഞ്ഞായിരുന്നു അവളാ സീറ്റിലിരുന്നത്, ബാഗൊക്കെ ഒതുക്കി വെച്ച് സേതു സീറ്റിലിരിക്കുമ്പോഴേക്കും ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയിരുന്നു, പതിവു പോലെ തന്നെ യാത്രയില്‍ വായിക്കാനെടുത്ത പുസ്തകം  വായിച്ചു മടക്കിയ താളില്‍ നിന്നും തുടരവെ സേതു അറിയാതെ തന്നെ എന്തോ ഒരസ്വസ്ഥത അയാളെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. അന്നുവരേയും ചെയ്യാതിരുന്നതു പോലേ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിനു മുകളിലൂടേ അയാളവളെ ശ്രദ്ധിക്കാന്‍ തുടങ്ങി, പാറിപ്പറക്കുന്ന ചെമ്പന്‍ മുടിയും വടിവൊത്ത പുരികങ്ങളും നിണ്ടുയര്‍ന്ന നാസികയും ചുവന്ന ചുണ്ടുകളും ഇരുണ്ട ആരെയോ ഭയക്കുന്ന പിടയുന്ന മിഴികളുമൊക്കെയായി മുന്നിലിരിക്കുന്ന പെണ്‍കുട്ടി, നോക്കിയിരിക്കേ അവളാരെയൊ ഭയപ്പെടുന്നു എന്ന് സേതുവിനു തോന്നാന്‍ തുടങ്ങി.

വീണ്ടും അയാള്‍ പുസ്തകത്തിലേക്ക് തന്നെ മടങ്ങി, പിന്നെയെപ്പോഴോ പുസ്തകത്തില്‍ ലയിച്ച് മയങ്ങാനും, എന്തോ ഒരൊച്ചപ്പാടു കേട്ടാണയാള്‍ മയക്കമുണര്‍ന്നത്, മുന്നില്‍ ഭയന്നും, അതിലേറേ സങ്കടത്തിലും കൂനിക്കൂടി ഇരിക്കുന്ന പെണ്‍കുട്ടി, അവളുടെ മുന്നില്‍ നിന്ന് ഒച്ചയിടുന്ന, ടിക്കറ്റെടുക്കാതെ യാത്ര ചെയ്താലുണ്ടാകുന്ന ശിക്ഷയേപ്പറ്റി അവളോട് ആക്രോശിക്കുന്ന ടിടിയാറും, കാഴ്ച കണ്ട് രസിക്കുന്ന മറ്റു യാത്രക്കാരും, ശബ്ദമില്ലാതെ കരഞ്ഞുകൊണ്ടിരിക്കുന്ന, അവളിലായിരുന്നു സേതുവിന്റെ ശ്രദ്ധ മുഴുവന്‍, നിസഹായതയും ദയനീയതയും കലര്‍ന്ന അവളുടേ ഇരിപ്പ് സേതുവിനു പഴയകാല ഓര്‍മ്മകളിലേക്കുള്ള യാത്ര പോലെ തോന്നി. ടിടിയാറിനെ വിളിച്ച് അവള്‍ക്കുള്ള ടിക്കറ്റിന്റെ പിഴയടക്കമുള്ള ചാര്‍ജ്ജ് നല്‍കി വീണ്ടും പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തുമ്പോള്‍ അയാള്‍ കണ്ടുകൊണ്ടിരുന്നത് വായിക്കുന്ന നൊവലിലെ കഥാപാത്രങ്ങളെ ആയിരുന്നില്ല, തന്റെ തന്നെ ജീവിതത്തിലെ വിവിധ സാഹചര്യങ്ങളായിരുന്നു. യാത്ര തുടര്‍ന്നുകൊണ്ടേ ഇരുന്നു, സേതു മയക്കത്തിലേക്കും

ഇറങ്ങേണ്ട സ്റ്റേഷനിലെത്തി അല്പനേരം കഴിഞ്ഞാണ് സേതു മയക്കം വിട്ടത്, ധൃതിയില്‍ ഇറങ്ങുമ്പോള്‍ സേതു വെറുതെ ചുറ്റും നോക്കി, അവള്‍ അവിടേ എവിടേയെങ്കിലും ഉണ്ടോ എന്ന്, നിരാശയായിരുന്നു ഫലം, വെളിയിലേക്ക് നടക്കുമ്പോള്‍ പക്ഷേ അയാള്‍ കണ്ടു, അയാളേ പ്രതീക്ഷിച്ചെന്ന പോലെ നില്‍ക്കുന്ന അവളെ, ഒരു ചെറിയ ചിരി സമ്മാനിച്ച് നടക്കാന്‍ തുടങ്ങിയ അയാള്‍ക്ക് പെട്ടന്ന് തന്നെ മനസിലായി അവളും തന്റെ കൂടെ വരികയാണെന്ന്, എവിടേക്കാണ്, സൌമ്യമായി അയാള്‍ ചോദിച്ചു, നിങ്ങള്‍ എവിടേക്കോ അവിടേക്ക്, ചിരിച്ചുകൊണ്ടയാള്‍ പറഞ്ഞു, പെണ്ണേ ചില ഓര്‍മ്മകളാണെന്നെക്കൊണ്ട് നിന്നെ സഹായിപ്പിച്ചത്, ഇതില്‍ കൂടുതലൊന്നും എനിക്കാവില്ല. അയാളുടെ മുന്നിലേക്ക് കയറി നിന്നവള്‍ പറഞ്ഞു, ഉറങ്ങാതെ, ഭയന്ന് വിറച്ച് നേരം വെളുപ്പിക്കുന്ന രാത്രികളില്‍ മുറിക്കു മുന്നില്‍ വാതിലില്‍ തട്ടി കേട്ടാലറയ്ക്കുന്ന പദങ്ങളുമായി വിലയിടുന്നവര്‍ ഇടുന്ന ഏറ്റവും കൂടിയ വിലയുടെ എത്രയൊ ഇരട്ടിയാണു നിങ്ങള്‍ ഇപ്പോള്‍ എന്നെ രക്ഷിക്കാന്‍ മുടക്കിയത്, അതെനിക്ക് തിരിച്ചു തരാന്‍ ഒരു വഴിയേ ഉള്ളു മുന്നില്‍, മറ്റൊന്നുമെനിക്കറിയില്ല.
യാത്രകള്‍ അവസാനിക്കുന്നില്ല, ആകസ്മികതകളും

2 comments:

  1. പ്രത്യുപകാരം ഇത്രയുമോ?

    ReplyDelete
  2. ഒരു യാത്രയുടെ തുടക്കം

    ReplyDelete