വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Showing posts with label ചുമ്മാ. Show all posts
Showing posts with label ചുമ്മാ. Show all posts

Monday, 20 September 2010

ഞാനും ഒരു റാഗറായിരുന്നു

ഞാന്‍ ഫൈനല്‍ ഇയറില്‍ പഠിക്കുന്ന കാലം (ഏതു കോഴ്സെന്നും, ഏതു കോളേജെന്നും ചോദിക്കരുത്) ഒരു അദ്ധ്യയന വര്‍ഷം തുടങ്ങുന്നു, പതിവുപോലെ പ്രിന്‍സിയുടെ വക, റാഗിംഗ് നിരോധനം, ഭീകരമായി പോയി. ജൂനിയെര്‍സിനോട്, പ്രത്യേകിച്ചു പെമ്പിള്ളേരോ‍ട് സംസാരിക്കുക പോലും ചെയ്യരുതെന്ന്, കൂട്ടത്തില്‍ പഠിക്കുന്ന പെണ്ണുങ്ങടെ മരമോന്ത കണ്ടു മടുത്തിരിക്കുന്ന,(എന്താന്നറിയില്ല അവളുമാരു ഞങ്ങളോടും ഇതു തന്നാ പറഞ്ഞിരുന്നത്, സൌന്ദര്യബോധമില്ലാത്ത വഹകള്‍), ഞങ്ങളോട്, പുതുതായി വരുന്ന പിള്ളാരോട് മിണ്ടരുതെന്നു, യെവടേ.


അങ്ങനെ ആ ദിവസം വന്നെത്തി, ഫസ്റ്റിയറിനു ചേര്‍ന്ന സുന്ദരിക്കുട്ടികള്‍, നിരനിരയായി വരുന്ന കാഴ്ച ഞങ്ങളെ പുളകമണിയിച്ചു കൊണ്ടിരുന്നു, അവര്‍ക്കിടയില്‍ ഇഷ്ടത്തിലെ ഇന്നസെന്റ് ലൈനില്‍ അര്‍മാദിച്ചു സമയം പോയതറിഞ്ഞില്ല, അതെങ്ങനാ കൊള്ളവുന്ന പരിപാടികള്‍ എന്തെങ്കിലും നടക്കുമ്പോള്‍ ടിപ്പറു വിളിച്ചല്ലെ സമയം പോകുന്നത്, ഉച്ചക്കേ പുതിയ പിള്ളെരെ എല്ലാം പറഞ്ഞു വിട്ടിരുന്നതു കൊണ്ട്, ഇനി നാളെ എന്ന് കരുതി വിശ്രമിക്കുന്ന നേരത്താണ്, ജോണ്‍സണ്‍, ആ ഞെട്ടിക്കുന്ന വാര്‍ത്ത ഞങ്ങളെ അറിയിച്ചത്, ഫസ്റ്റിയറിനു വന്ന ഒരു കൊച്ചു വീട്ടില്‍ പോയിട്ടില്ല, അവള്‍ ഫസ്റ്റിയര്‍ ക്ലാസിലിരിപ്പുണ്ടെന്ന്, കേട്ട് തീര്‍ന്നില്ല അതിനും മുന്നേ, എല്ലാ അലവലാതികളും ഉണ്ട് ആ കൊച്ചിന്റെ മുന്നില്‍, എന്റെ പിറകിലും, യവന്മാര്‍ക്കൊക്കെ നാണമില്ലേ ഒരു പെണ്‍കൊച്ചെന്നു കേട്ടപ്പോളേക്കും ഇത്ര ആക്രാന്തപ്പെടാന്‍, അലവലാതികള്‍


പുലിക്കുട്ടികളുടെ ഇടയില്‍ പെട്ട മാന്‍പേട പോലായിപ്പോയി പാവം കൊച്ച്, ചോദ്യങ്ങളുടെ ഒരു പട തന്നെയായിരുന്നു പിന്നാ കൊച്ചിനു നേരെ, ഒരുത്തന്‍ പാട്ടു പാടാന്‍ പറയുന്നു, ഒരുത്തന്‍ ഡാന്‍സാന്‍ പറയുന്നു, വേറൊരുത്തന്‍ സാറ്റു കളിക്കാന്‍ വിളിക്കുന്നു, എല്ലാത്തിനും നടുക്കു ഞാനും, ങേഹെ പണി പാളുമെന്നു തോന്നിയപ്പോള്‍, ഞാനാരാ മോന്‍, കളം മാറ്റിച്ചവിട്ടി, പാവം കൊച്ചു, അതിനെ വിഷമിപ്പിക്കണ്ട എന്നു കരുതി (സത്യം) ഞാന്‍ പറഞ്ഞു, കൊച്ചേ നീ വീട്ടിപ്പൊക്കോ എന്ന്, കൊച്ചിന്റെ കിളിമൊഴി, മാമന്‍ കൂടെ വന്നാരുന്നു, കാണുന്നില്ല, ഹെന്ത്, സീനിയറായ, അതും ആ കൊച്ചീന്റെ രക്ഷകനായ, എന്റെ വാക്കുകള്‍ ധിക്കരിക്കുന്നോ, വീട്ടിപ്പോടീ കൊച്ചേ, ഒരലറിച്ച ആയിരുന്നു ഞാന്‍, പാവം കൊച്ച് പേടിച്ചു ക്ലാസീന്നെറങ്ങി ഓടി, ആ കൊച്ചിനെ റാഗിംഗില്‍ നിന്നും രക്ഷിച്ച ചാരിതാര്‍ത്ഥ്യത്തോടെ നിന്ന എന്റെ തലക്കീട്ടൊരടി കിട്ടിയപ്പോള്‍ മാത്രമാണു, വരാന്‍ പോകുന്ന അപകടം എനിക്കു മനസിലായത്, അരുതു കൂട്ടുകാരെ അരുത്, ഒരു സീനിയറെ മറ്റു സീനിയറുകള്‍ ചേര്‍ന്നു റാഗ് ചെയ്യരുത്. അതു മോശമാണെന്നു ഞാന്‍ കാലു പിടിച്ചു പറഞ്ഞിട്ടും നാളെ മറ്റു ജൂനിയേര്‍സിന്റെ മുന്നില്‍ വച്ച്, അവളെ റാഗ് ചെയ്യാണമെന്നും, അതിനു നേതൃത്വം ഞാന്‍ നല്‍കണമെന്നും ഇല്ലങ്കില്‍ എന്നെ ഇടിച്ചു പരിപ്പിളക്കുമെന്നും അവന്മാര്‍ പറഞ്ഞപ്പോള്‍, ആ കൊച്ചിനെ വീണ്ടും റാഗ് ചെയ്യാനുള്ള കൊതികൊണ്ട് മാത്രം, ഞാനതംഗീകരിച്ചു, അല്ലാതെ ഒരുമാതിരി വിരട്ടു എന്നോട്, ഹും



അഞ്ചുമിനിറ്റിനു ശേഷം, ഞാന്‍ ഒരു നാരങ്ങാവെള്ളം കുടിക്കാനായി ബാറിലേക്കു, അല്ലല്ല കൂള്‍ബാറിലേക്കു, എല്ലാവരേയും ഒഴിവാക്കി ഒറ്റക്കു (ലവന്മാരെ വിളിച്ചാല്‍ എല്ലാവനും ഞാന്‍ മേടിച്ചു കൊടുക്കണം, പിന്നേ) പുറത്തേക്കു പോയപ്പോള്‍ ദോണ്ട് നിക്കുന്നു നമ്മൂടെ നായിക,ഒറ്റക്കു, പിന്നെ അവിടെ നിന്നു ഒരരമണിക്കൂറു പഞ്ചാരയടിച്ച് ഛെ ആ കൊച്ചിനെ റാഗ് ചെയ്ത്,, ഹാപ്പിയായി തിരിച്ചു ചെന്ന എന്നെ വരവേറ്റതു, മുയല്‍കുഞ്ഞിന്റെ  മുകളില്‍ ചാടിവീഴാന്‍ തയ്യാറെടുക്കുന്ന കുറുക്കന്മാരുടെ ഭാവത്തില്‍ നില്‍ക്കുന്ന കൂട്ടുകാരാണ്,ഭീമന്‍ രഘു സ്റ്റൈലില്‍ എന്നെ തല്ലാന്‍ നിക്കുന്ന അവന്മാരുടെ  നേരെനോക്കി നെഞ്ചു വിരിച്ചു നിന്നു ഞാന്‍ പറഞ്ഞു, പൊന്നണ്ണാ തല്ലല്ല്, ആ കൊച്ചവിടെ നിപ്പുണ്ടെന്നെനിക്കറിയില്ല്ലാരുന്നു, എന്തു ഫലം, ഇന്നത്തെ ഇര ആരാണെന്നും നോക്കി നില്‍ക്കുന്ന അവന്മാര്‍ക്കു മുന്നില്‍, എല്ലാ ദിവസവും ആരെയെങ്കിലും ഇരയാക്കാന്‍ അത്യുത്സാഹം കാണിക്കുന്ന ഞാന്‍ ഇരയായി ചെന്നു നിന്നുകൊടുത്താല്‍ വെറുതെ വിടുമോ അവര്‍, അവസാനം ഷാപ്പിലെ ബില്ലും ഞാന്‍ കൊടുക്കാം എന്നുള്ള കരാ‍റിന്മേല്‍ അവന്മാരെന്നെ തല്ലാതെ വിട്ടു.





(ബ്ലോഗ് ചെയ്യുന്നവന്‍ ബ്ലോഗര്‍, അപ്പോ റാഗ് ചെയ്യുന്നവന്‍ റാഗറല്ലെ, അല്ലേ)

Tuesday, 15 June 2010

ഒരു വേലിചാട്ടത്തിന്റെ ഓര്‍മ്മയ്ക്ക്

കുട്ടിക്കാലം, പ്രത്യേകിച്ചു പഠന കാലം, രസമുള്ള കുറേ ഓര്‍മ്മകളുടെ കാലം

വീടും വിദ്യാലയവുമായി കഷ്ടിച്ചു നാലു കിലോമീറ്റര്‍ വ്യത്യാസം, അതുകൊണ്ടു ദിവസവും നടന്നായിരുന്നു സ്കൂളില്‍ പോക്ക്. കുറുക്കുവഴികള്‍ ഇഷ്ടം പോലെ ഉള്ള നാടായിരുന്നത് കൊണ്ട് പലദിവസവും പല വഴികളില്‍ കൂടി ആയിരുന്നു വീട്ടിലെത്തിയിരുന്നത്, ഒരു ദിവസം പോയ വഴിയേ പിന്നൊരാഴ്ചത്തേക്കു പോകാന്‍ പറ്റില്ലായിരുന്നു, വഴീലുള്ള വീട്ടുകാര്‍ക്കൊക്കെ ഭയങ്കര സ്നേഹമാന്നേ, പറമ്പിലെ ചക്കേം മാങ്ങേമൊക്കെ അവരു പറിച്ചു തരും പക്ഷേ കമ്പടക്കമാണെന്നു മാത്രം.

ഞാനും പൊടിമോനും (പേരു പൊടിയെന്നാണെങ്കിലും അന്നേ അവന്‍ ഒരു ഗുണ്ടുമോനാ) ക്യാപ്റ്റന്‍ സജിയും ഒരുമിച്ചായിരുന്നു വരവും പോക്കുമൊക്കെ.

കുറുക്കുവഴികളില്‍ ഞങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട വഴിയാണു തളികപ്പാറ തോട്ടത്തിലെ വഴി. സ്കൂളിനോട് ചേര്‍ന്നുള്ള പള്ളിയുടെ പിന്നിലാണ് തോട്ടം. തോട്ടത്തില്‍ കൂടി അധികം നടപ്പുകാരില്ല എന്നതും മാവ് പ്ലാവ് തെങ്ങു മുതലായവ ആ വഴിയില്‍ ഒരുപാടുണ്ട് എന്നതും മാത്രമല്ല അതിലേ പോയാല്‍ ഒരു തോടു കടക്കണം എന്നുള്ളതും ഞങ്ങളെ ഒരുപാടാകര്‍ഷിച്ചിരുന്നു. വൈകുന്നേരം കുളിച്ചു വൃത്തിയായി വീട്ടില്‍ ചെന്നു കയറുമ്പോഴുള്ള വീട്ടുകാരുടെ ആ സ്നേഹം കാണാന്‍ വേണ്ടി മാത്രം.

മഴക്കാലമൊഴിച്ചുള്ള ദിവസങ്ങളില്‍ ഞങ്ങളുടെ സ്ഥിരം യാത്ര അതിലേ ആയിരുന്നു. മഴക്കാലത്ത് അതിലേ പോയിട്ടും
വലിയ പ്രയോജനമില്ല എന്നതു കൊണ്ടു തന്നെ, തോടു കടക്കാന്‍ പറ്റില്ലല്ലോ.

അങ്ങനെ ഒരു മഴക്കാലത്ത് ഞങ്ങള്‍ കേട്ടു തളികപ്പറത്തോട്ടം വേലി കെട്ടി അടച്ചത്രേ. സംഭവം ശരിയാണോന്നറിയണമല്ലോ. പള്ളിയുടെ പിന്നിലേക്കൊരോട്ടമായിരുന്നു, ചുറ്റിലും മുള്ളുവേലി കെട്ടി അടച്ചിരിക്കുന്നു. പാസ്സെടുത്താല്‍ അതിലേ പോകാമെന്ന് ഇംഗ്ലീഷില്‍ എഴുതി വച്ചിരിക്കുന്നു.

ഞങ്ങളും മലയാളികള്‍ തന്നെയായിപ്പോയില്ലേ, അപ്പോത്തന്നെ ശപഥമെടുത്തു, ഇന്നിതിലേ പോയിട്ടു തന്നെ ബാക്കി കാര്യം. സ്കൂള്‍ വിട്ടതും സംഘം തയ്യാറായി നേരേ പള്ളിയുടെ പിന്നിലേക്ക്, ക്യാപ്റ്റന്‍ ആദ്യം വേലി ചാടി കടന്നു, പിന്നാലെ ഞാനും, നടക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി പിന്നില്‍ നിന്നു.

ഹെന്ത് മാന്യമായിട്ടൊരു കള്ളത്തരം കാണിക്കുന്നതിനു മുന്നേ പിടി വീഴുന്നോ എന്നു ചിന്തിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ വേലിയില്‍ പിടിച്ചു പൊടി ദയനീയമായി നില്‍ക്കുന്നു. വണ്ണം കാരണം അവനു വേലിചാടാന്‍ പറ്റുന്നില്ല. ക്യാപ്റ്റന്‍ തിരിച്ചു ചാടി അവനെ തള്ളി വേലിയുടേ മുകളില്‍ എത്തിച്ചു, പിന്നെ നിലത്തിരുന്നു കിതയ്ക്കാന്‍ തുടങ്ങി, മേഴ്സിച്ചേച്ചീടെ വീട്ടിലെ ഡോബര്‍മാന്‍ കിതയ്ക്കുന്നതു പോലെ, ഇവനിതിനിടയ്ക്കിതെങ്ങനെ പഠിച്ചു, അസ്സലു മിമിക്രിക്കാരന്‍ തന്നെ. 
ഞാന്‍ വളരെ കഷ്ടപ്പെട്ടു പൊടിയെ വലിച്ചു താഴെയിറക്കി, പൊത്തോന്നൊരു ശബ്ദത്തോടെ ഞങ്ങള്‍ രണ്ടും ഒരു റബ്ബര്‍ മരത്തിന്റെ ചുവട്ടില്‍, ദൈവത്തിനാണെ ഇന്നും എനിക്കു മനസിലായിട്ടില്ല മുകളീന്നു വീണ അവന്റെ മുകളില്‍ ഞാനെങ്ങനെ വീണെന്നു. അക്കോഡിംഗ് ടു മാത്തമാറ്റിക്സ് അങ്ങനെ വരാന്‍ ഒരു വഴിയുമില്ലല്ലോ.

അങ്ങനെ ഞങ്ങള്‍ വിജയകരമായി തളികപ്പാറത്തോട്ടത്തില്‍ കൂടിയുള്ള യാത്ര പുനരാരംഭിച്ചു.  മൂന്നാലു ദിവസം യാത്ര സുഗമമായി പൊക്കോണ്ടെയിരുന്നു. വേലി ചാടാന്‍ പൊടി പഠിച്ചില്ലെങ്കിലും അതിവിദഗ്ധമായി അവനെ തള്ളിക്കയറ്റാന്‍ ക്യാപ്റ്റനും, അവന്‍ വീണാലും  വീഴാതെ ഒഴിഞ്ഞു മാറാന്‍ ഞാനും നന്നായി പഠിച്ചു.

അങ്ങനെ ഞങ്ങളുടെ യാത്രയുടെ അഞ്ചാം ദിവസം

അഭ്യാസപ്രകടനങ്ങള്‍ക്കു ശേഷം ഞങ്ങള്‍ തോട്ടത്തില്‍ കൂടി വരുമ്പോള്‍, മുന്നില്‍ വിറകു കോതിക്കൊണ്ട് രാജന്‍ പി ദേവു ലുക്കില്‍ ഒരാള്‍,

മുന്നില്‍ നടക്കുന്ന ക്യാപ്റ്റന്‍ പറഞ്ഞു

നോക്കണ്ട, നേരേ നടന്നോ

ക്യാപ്റ്റന്‍ പറഞ്ഞാ പിന്നെ അപ്പീലില്ലല്ലോ ഇനി അഥവാ തല്ലു കിട്ടിയാലും മുന്നില്‍ നടക്കുന്ന ആള്‍ക്കിട്ടു കിട്ടിക്കഴിഞ്ഞല്ലേ നമുക്കിട്ടു കിട്ടൂ എന്ന ധൈര്യത്തില്‍ പൊടിമോനേ പേടിയുണ്ടെങ്കില്‍ എന്റെ കയ്യില്‍ പിടിച്ചോ എന്നു പറഞ്ഞു നടന്നു.

എവിടെപ്പോകുവാടാ ഇതിലേ,

പൊടിമോന്‍ എന്നെ പിടിച്ചു കുലുക്കാന്‍ തുടങ്ങി അതു കാരണം ഞാന്‍ നിന്നു തുള്ളാനും ശെടാ ഇവനിതെന്തിന്റെ കേടാ ഇങ്ങനെ പേടിച്ചാലോ, വല്ലോരും കണ്ടാല്‍ ഞാന്‍ നിന്നു വിറയ്ക്കുവാണെന്നല്ലേ കരുതു.

ഓ വെറുതെ ചേട്ടാ,

ഹാവൂ ക്യാപ്റ്റന്റെ നാവു പൊന്തി

ഇതിലേ നടക്കരുതെന്നു അവിടെ എഴുതിവച്ചിട്ടില്ലേടാ

കയ്യിലെ പിടുത്തം വിട്ടു ! തിരിഞ്ഞു നോക്കുമ്പോള്‍ ഞാനീ നാട്ടുകാരനേ അല്ല എന്ന മട്ടില്‍ പൊടി അതാ മൂന്നാലു മീറ്റര്‍ പുറകില്‍ തിരിഞ്ഞു നടക്കുന്നു.

അതു പിന്നെ ചേട്ടാ ഇതിലേ പൊയാല്‍ പെട്ടന്നു വീട്ടിലെത്താം

കണ്ടോ ഇങ്ങനെ വേണം ക്യപ്റ്റന്മാരായാല്‍, ഒറ്റക്കു നിന്നു പൊരുതുന്നതു കണ്ടാ

ഇതിലെ പോയാല്‍ പെട്ടന്നു .......... ലെത്താം

ചേട്ടന്റെ വക, ആഹാ ഈ വഴി അങ്ങോട്ടുമുള്ളതാ എന്ന മട്ടില്‍ ക്യാപ്റ്റന്‍ എന്നെ ഒന്നു നോക്കി, ഒന്നും മിണ്ടാതെ 180 ഡിഗ്രി ആംഗിളില്‍ തിരിഞ്ഞു ഞാന്‍ പൊടിയുടെ പുറകേ  നടന്നു, പൊടി അതാ നടത്തത്തിന്റെ വേഗത കൂട്ടുന്നു.

ക്യാപ്റ്റന്‍ അപ്പോളും പുതിയ എന്തെങ്കിലും അറിവു കൂടി ചേട്ടനില്‍ നിന്നും കിട്ടും എന്ന മട്ടില്‍ ചേട്ടനെ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നു.

യെവടെ ചേട്ടനു നമ്മുടെ അത്രേം പോലും അറിയില്ല, ലോക്കല്‍ വാക്കുകള്‍ ഏതൊക്കെയോ വിളിച്ചു കൂവിക്കൊണ്ടു ചേട്ടന്‍ ഒരു വലിയ വടി എടുത്തതും എന്റെ കാലുകള്‍ക്കും വേഗത കൂടാന്‍ തുടങ്ങി, തിരിഞ്ഞു നോക്കുമ്പോള്‍ ,

ക്യാപ്റ്റന്‍ ഇതാ സിംഗിളിനു ബാറ്റു ചെയ്തിട്ടു ഡബിളിനു ശ്രമിക്കുന്നതു പോലെ പാഞ്ഞു വരുന്നു.

ആദ്യം ഓടിയ പൊടിയെ പുച്ഛത്തോടെ ഒന്നു നോക്കി അവനെ മറികടന്നു മുന്നോട്ടു നോക്കുമ്പോള്‍ അവസാനം ഓടിയ ക്യാപ്റ്റന്‍ ഇതാ എന്നെയും കടന്നു വേലിക്കരികിലെത്തിയിരിക്കുന്നു.

വേലി കടന്നു പള്ളിമുറ്റത്തു നിന്നു കിതയ്ക്കുന്നതിനിടയിലാണ് പൊടിയുടെ കാര്യം ഞങ്ങള്‍ ഓര്‍ക്കുന്നത്,

നോക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു ദിവസമായി ക്യാപ്റ്റന്‍ തള്ളി വേലിക്കു മുകളില്‍ എത്തിച്ചിരുന്ന, ഞാന്‍ ജീവന്‍ പണയം വെച്ചു താഴെ ഇറക്കിയിരുന്ന പൊടിമോനതാ

വടക്കന്‍ പാട്ടിലെ അങ്കച്ചേകവനേപ്പോലെ വേലിയില്‍ സ്പര്‍ശിക്കുക പോലും ചെയ്യാതെ പറന്നു വരുന്നു.

Tuesday, 8 June 2010

പരിസരമലിനീകരണം

എന്നും ഒരേ പോലെ തന്നെ വൈകിട്ടാവുമ്പോ കൂടുന്നു, സര്‍ക്കാരിറക്കുന്നതില്‍ ഏറ്റവും വീര്യം കൂടിയ ഐറ്റം തന്നെ വാങ്ങിച്ചു (കയ്യിലെ കാശതിനേ തികയൂ അതുകൊണ്ടാ) ഏതെങ്കിലും കലുങ്കില്‍ ചാരിയിരുന്നതു വലിച്ചു കേറ്റുന്നു. അന്നും പതിവു പോലെ കീടമടിച്ചു കണ്ണു തള്ളിയിരിക്കുമ്പോളാണ്, വാസുവിന് ബോധോദയം ഉണ്ടായത്,

“ഛെ നമ്മളൊക്കെ എന്താടേ ഇങ്ങനെ, എന്നും ഈ കലുങ്കും മദ്യപാനവും, നമുക്കൊക്കെ നന്നായിക്കൂടേടാ.”

 അടുത്ത കുപ്പിമേടിക്കാന്‍ കയ്യില്‍ കാശില്ലാത്തതു കൊണ്ടു മാത്രം വാസുവിന്റെ പള്ളയ്ക്കു കുപ്പി കേറിയില്ല. അല്ലെങ്കില്‍ തല്ലിപ്പൊട്ടിച്ചു പള്ളേക്കേറ്റിയേനെ.
എന്നാലും അവന്‍ പറഞ്ഞതും കാര്യമാണല്ലോ, ഇടക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ, ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നാണല്ലോ ആപ്തവാക്യം.
തീരുമാനമായി എന്നും ഈ കലുങ്കിലിരുന്നു മദ്യപിക്കുന്നതാണല്ലോ പ്രശ്നം, സ്ഥലം മാറിപ്പിടിക്കാം,

എടു വണ്ടി പോട്ട് വണ്ടി മൂന്നാറിനു.

പിറ്റേ ദിവസം രാവിലെ തന്നെ  വിട്ടു വണ്ടി മൂന്നാറിന്, പത്തുമണിയാകുന്നുണ്ടോ എന്നു ശ്രദ്ധിച്ചാണ് എല്ലാവരുടെയും ഇരിപ്പു, പരീക്ഷ തുടങ്ങാനുള്ള മണിയടിക്കുന്നതിനു മുന്‍പത്തെ പോലുള്ള പിടച്ചില്‍ എല്ലാവര്‍ക്കും, വീട്ടീന്നടിച്ചു മാറ്റിയ സാധനങ്ങള്‍ വിറ്റിട്ടു വേണം തൊണ്ട നനക്കാനുള്ള സാധനം മേടിക്കാന്‍. ഇന്നലെ ഭക്തിപൂര്‍വ്വം വിളക്കു കത്തിച്ചതിന്റെ പ്രയോജനം കിട്ടി, വിളക്കിനൊക്കെ എന്താ വില.

വെള്ളയില്‍ കറുത്ത അക്ഷരത്തിലൊരു ബോര്‍ഡിന്റെ മുന്നില്‍ വണ്ടി നിന്നു. വണ്ടീടെ ഒരുത്തരവാദിത്വം, ഹൊ നമിച്ചണ്ണാ. പിന്നങ്ങോട്ട് ആഘോഷത്തിമിര്‍പ്പിലായിരുന്നു. പാട്ടും കൂത്തും ബഹളവുമൊക്കെയായി അടിപൊളി.  അങ്ങനെ മൂന്നാറെത്തി, തണുപ്പു കൂടി വരുന്നു, കുപ്പി തീര്‍ന്നും വരുന്നു, ഇനി പ്രവാസിയുടെ മകന്‍ നന്ദു തന്നെ ശരണം, മുത്തപ്പാ കനിയണേ.

അങ്ങനെ രാജമലയില്‍ എത്തി, പാസെടുക്കാന്‍ ഒരുത്തനെ പറഞ്ഞു വിട്ടു ബോധമുള്ളവര്‍ ബോധം കെടാനും ബോധമില്ലാത്തവര്‍ ഒരു ബോധവുമില്ലാതെ കിടക്കാനും ശ്രദ്ധിച്ചു പോന്നു.

“നുമ്മ സ്റ്റുഡന്റ്സല്ലേടേ കണ്‍സഷന്‍ കിട്ടുമോന്നു നോക്കീട്ടു വരാം,”

ങേഹേ ദാഹജലത്തിനു കയ്യില്ലാതെ കാശെറക്കിയ ഗള്‍ഫന്‍ നന്ദു ദോ മൂന്നു രൂഫാടെ പാസിനു കണ്‍സഷന്‍ ചോയ്ക്കാന്‍ പോണു. ചുമ്മാതല്ല ഏതോ കുറെ തരുണീമണികള്‍ വന്ന ബസൊരെണ്ണം ദോ ലപ്പുറത്തു കിടക്കുന്നു. കയ്യില്ലാത്ത ബനിയനും കഴുത്തിലൊരു ജാക്കറ്റു വളച്ചു കെട്ടിയതും കൊഴുത്തുരുണ്ട മസിലുകളുമായി (മരുന്നടിച്ചതാണെന്നു ഞങ്ങളും പാരമ്പര്യമായിട്ടു കിട്ടിയതാണെന്നവനും പറയുന്ന) ആകപ്പാടെ ഒരു ഹൃതിക് രോഷന്‍ ലുക്കിലാണു നന്ദുവിന്റെ പോക്ക്.

വണ്ടി കിടക്കുന്നതിന്റെ ഇടതു വശത്തായി ഒരു ബോര്‍ഡ്. പരിസരം മലിനമാക്കരുത്, ചപ്പുചവറുകള്‍ ഇടരുത്, എന്നൊക്കെ. കേരളം തന്നെയാണോ എന്നൊന്നു കൂടി നോക്കി കാരണം പരിസരം അത്രക്കു ക്ലീന്‍. ഹൊ സമ്മതിക്കണം ഇക്കണ്ട മലയാളികളൊക്കെ അവിടെ ചെന്നിട്ടും ഇത്രേം വൃത്തിയായിട്ടവിടം കിടക്കുന്നല്ലോ.

പിന്നിലിരുന്നു പാത്തുവിന്റെ വക  (നോക്കണ്ട ആണു തന്നാ ആമിനത്താത്തയുടെ ഫാന്‍ ആയതു കാരണം വീണ പേരാ)

“ഈ ബോര്‍ഡിന്റെയൊക്കെ കീഴേല്‍ ചെന്നു രണ്ടു വാളും വച്ചങ്ങു കിടക്കണം”

പറഞ്ഞു തീര്‍ന്നില്ല

ഗ്വാ ഗ്വാ എണ്ണി രണ്ടു വിളീ

മുന്നിലത്തെ സീറ്റില്‍ ഓഫായികിടന്ന വാസു കൊടുത്തു ഒന്നാംതരം വാള്‍, അതങ്ങനെ പരിച പോലെ കൃത്യം ആ ബോര്‍ഡിന്റെ താഴെ തന്നെ ചെന്നു കിടന്നു, ഹൊ എന്തൊരുന്നം.
പാസ് കൌണ്ടറിന്റെ അടുത്തൂന്നും എന്തൊക്കെയോ ഭാഷയില്‍ വാസുവിനെ അനുമോദിക്കുന്നതു കേള്‍ക്കാം, കയ്യടി കിട്ടുമോ എന്നു സംശയിച്ചു, ശൊ ഐഡിയാ സ്റ്റാര്‍സിംഗര്‍ അന്നുണ്ടായിരുന്നെങ്കില്‍ അഞ്ചാറു എസ്. എം. എസും കൂടെ ചോദിച്ചേനെ, തരുണീമണികള്‍ പുഞ്ച്ചിരി പൊഴിക്കുന്നു, എസ്. എം. എസ് അയക്കും ഉറപ്പ്. വണ്ടിക്കുള്ളില്‍ ബോധം കെടാന്‍ ശ്രമിച്ചോണ്ടിരുന്നവരെല്ലാം പെട്ടന്നു ഫിറ്റായി ബോധം പോയി. ഇത്രേം മദ്യം വലിച്ചു കയറ്റണ്ട വല്ല കാര്യോമൊണ്ടാരുന്നോ, ഇവനീ വാളങ്ങു നേരത്തെ വക്കരുതാരുന്നോ.

തരുണീമണികളുടെ ചിരിക്കു ശബ്ദം കൂടുന്നോ എന്നു സംശയം തോന്നിയാണ് ബോധം കെട്ടവരെല്ലാം പതുക്കെ തല ഉയര്‍ത്തി നോക്കിയത്.

കണ്‍സഷന്‍ വാങ്ങാന്‍ പോയ നന്ദു ഇതാ രണ്ടു ബക്കറ്റു നിറയെ കണ്‍സഷനുമായി വരുന്നു. പുറകേ അവന്റെ മസിലുകളെ അനുമോദിച്ചു കൊണ്ട് അവിടുത്തെ ഏതോ ഒരു സെക്യൂരിറ്റിക്കാരനും, നടുറോഡില്‍ നിന്നും വാളു കഴുകുന്ന നന്ദുവില്‍ നിന്നും എല്ലാവരും, തിരിഞ്ഞു വാസുവിനെ നോക്കി,ഒന്നുമറിയാത്ത പോലെ പാവം ഓഫായി കിടക്കുന്നു.