വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Saturday, 8 November 2014

ഉണ്ണി പിണക്കത്തിലാണ്

കുളക്കടവില്‍ പടികളില്‍ വെള്ളത്തിലേക്കുറ്റു നോക്കി ഇരിക്കുകയാണു ഉണ്ണി, നിറഞ്ഞ മിഴികളില്‍ നിന്നും തോരാതെ കണ്ണുനീര്‍ ഒഴുക്കിക്കൊണ്ട്, പാദങ്ങളില്‍ ഇക്കിളിയിടുന്ന മീന്‍ കുഞ്ഞുങ്ങളെ അവന്‍ അറിയുന്നു പോലുമില്ല, അല്ലെന്കില്‍ മീനുകളെ ചവിട്ടി തെറിപ്പിച്ചും ഇടക്ക് അരിയിട്ടു കൊടുത്തും കളിപ്പിക്കുന്ന അവന്റെ പ്രിയ ചങ്ങാതിമാരാണവര്‍, ഉണ്ണി അവരെ കാണുന്നില്ല, ഇളകുന്ന വെള്ളവും, മൊട്ടിട്ട താമരകളും അവന്‍ കാണുന്നില്ല, അവന്റെ ഉള്ളില്‍ നിറയെ സങ്കടമാണ്, അവനോട് മിണ്ടാത്ത അവന്റെ ചേച്ചിയോടുള്ള ദേഷ്യവും സങ്കടവും
രാവിലെ കൂടെ ഉണ്ണീടെ കൂടെ കളിച്ച് നടന്നതാണ്, മൂവാണ്ടന്‍ മാങ്ങാ കാറ്റടിച്ച് വീണപ്പോള്‍ ഓടിയെടുക്കാന്‍ മത്സരിക്കാനും, ഒരു മാങ്ങാ പറിച്ച് തരുവോ എന്ന് അണ്ണാറക്കണ്ണനോട് കൊഞ്ചാനും ഒപ്പമുണ്ടായിരുന്ന ചേച്ചി, വഴക്കുണ്ടാക്കുമ്പോള്‍ പിച്ചുമെങ്കിലും ഉണ്ണി കരഞ്ഞാല്‍ ഓടി വന്ന് കൊഞ്ചിക്കുന്ന ചേച്ചിയാണിപ്പോള്‍ ഉണിയോട് മിണ്ടാതെ പിണങ്ങിക്കിടക്കുന്നത്, നോക്കിക്കോ ഇനി കൂടാന്‍ വരുമ്പോള്‍ മിണ്ടില്ല, ഉണ്ണിക്ക് പീണക്കമാ, മുഖം വീര്‍പ്പിച്ചിരിക്കും, മനസിലോര്‍ത്ത് ഉണ്ണി ഒരു കോലു മുറിച്ച് കുളത്തിലേക്കെറിഞ്ഞു.
കൊത്തങ്കല്ല് കളിച്ചപ്പോ ചേച്ചി കള്ളത്തരം കാണിച്ചിട്ടല്ലേ ഉണ്ണി ചേച്ചിയോട് വഴക്കുണ്ടാക്കിയെ, ചേച്ചീടെ കയ്യീന്ന് കല്ല് താഴെ പോയത് ഉണ്ണി കണ്ടതാണല്ലോ, കള്ളി ചേച്ചി എന്നിട്ട് പെട്ടെന്നെടുത്തു വെച്ചു, ഉണ്ണി വഴക്കുണ്ടാക്കിയപ്പോ ഉണ്ണിയെ നുണയനെന്നും വിളിച്ചു, അതോണ്ടല്ലേ ചേച്ചിയോട് കൂട്ടില്ലെന്നും പറഞ്ഞ് ഉണ്ണി മാഞ്ചുവട്ടില്‍ പോയി തനിച്ചിരുന്നെ, എന്നിട്ട്  രാജന്‍ മാമന്‍ വന്ന് എടുത്തോണ്ട് പോയപ്പോ ഉണ്ണീനെ തനിച്ചാക്കി പോയില്ലേ, ഉണ്ണി വരണ്ടാന്ന് രാജന്‍ മാമ പറയുകേം ചെയ്തു,  ഉണ്ണിയോട് മിണ്ടണ്ടന്ന് രാജന്‍  മാമ പറഞ്ഞു കാണും ചേച്ചിയോട്, അതോണ്ടാവും എത്ര വിളിച്ചിട്ടും മിണ്ടാതെ ചേച്ചി കിടക്കുന്നത്, ഉണ്ണിയോട് മിണ്ടാന്‍ അമ്മേം അച്ഛനുമൊക്കെ കരഞ്ഞ് പറഞ്ഞിട്ടും  നോക്കുക പോലും ചെയ്യാതെ ചേച്ചി മിണ്ടാതെ കണ്ണുമടച്ച് കിടന്നില്ലേ, നോക്കിക്കോ ഇനി ഉണ്ണീം മിണ്ടില്ല

3 comments:

  1. മിണ്ടാതെ കിടക്കുന്ന ചേച്ചി പിണക്കത്തിലാണ്.

    ReplyDelete