വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Thursday, 3 June 2010

ഒരു വിവാഹവും ചില പൈങ്കിളി ചിന്തകളും




വധു


ദേവേട്ടാ മാപ്പ്, ഇന്നു ഞാന്‍ മറ്റൊരാളുടേതാവുകയാണ്, നമ്മളൊരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം വെറും പാഴ് കനവുകളാകുന്നു. ദേവേട്ടനുമൊന്നിച്ചുള്ള ഒരു ജീവിതം ഞാന്‍ എത്ര കൊതിച്ചിരുന്നെന്നോ. പക്ഷേ ഇന്നലെ വന്ന പുത്തന്‍പണക്കാരന്റെ പണക്കൊഴുപ്പിന്റെ മുന്നില്‍ വീണു പോയ എന്റെ അച്ഛന് ഈ മകളുടെ മനസു കാണാനായില്ല. കുഞ്ഞുന്നാള്‍ മുതല്‍ പറഞ്ഞു പഠിപ്പിച്ച ദേവിയുടെ ദേവേട്ടനെ എല്ലാവരും ഒരു ദിവസം കൊണ്ടു മറന്നു. പിച്ചവക്കുന്ന കാലം മുതലേ എന്നെ സ്വന്തമാക്കിയ ആളെ പക്ഷേ മറക്കാനെനിക്കാവുന്നില്ലല്ലോ. ഇടവഴികളിലും പാടവരമ്പത്തും വച്ചു നാം കൈമാറിയ പ്രണയ നിമിഷങ്ങള്‍ മാത്രം മതി ഇനിയുള്ള നാളുകള്‍ എനിക്കു ജീവിക്കാന്‍. ദേവേട്ടന്‍ പകര്‍ന്നു തന്ന ചുംബനങ്ങളുടെ ചൂടും ചൂരും എന്നും ഈ ദേവിയുടെ മനസിലുണ്ടാവും. ദേവേട്ടന്റെ ദേവിയുടെ വിവാഹം അല്ല ഇന്നു നടക്കുന്നത്, ദേവിയുടെ മരണമാ‍ണ്. ഒരു ജീവഛവം പോലെ ഈ ജന്മം മുഴുവനും ദേവേട്ടനെ മാത്രം മനസില്‍ കണ്ടു ഞാന്‍ ജീവിക്കും. ഈ വൈകിയ വേളയിലെങ്കിലും ദേവേട്ടന്‍ എന്നെ വന്നു വിളിക്കുമെന്നു തന്നെയാണു ഞന്‍ പ്രതീക്ഷിക്കുന്നത്. എവിടെയാണെങ്കിലും എന്റെ ദേവേട്ടനോടൊത്തുള്ള ജീവിതം എനിക്കു സ്വര്‍ഗമാണ്, ദേവേട്ടന്റെ വിളിക്കായി കാത്തിരിക്കുകയാണു ദേവി.....


വരന്‍


ഞാന്‍ ഭാഗ്യവാനാണ്, അല്ലെങ്കില്‍ ദേവത പോലൊരു പെണ്ണിനെ ജീവിത സഖിയാക്കുവാന്‍ എനിക്കു സാധിക്കുമായിരുന്നില്ലല്ലോ. കഴിഞ്ഞു പോയ എന്റെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തിയാല്‍ കുടുംബത്തില്‍ പിറന്നതു പോയിട്ടു പെണ്ണു പോലും കിട്ടുമായിരുന്നോ എന്നു തന്നെ സംശയമായിരുന്നു. പക്ഷേ ഇന്നെന്റെ കയ്യില്‍ കാശുണ്ട്. ആ കാശിന്റെ മിനുക്കം കണ്ടാണല്ലോ മന്ദാകിനിയില്‍ മാധവന്റെ മകള്‍ ദേവി എന്നെ സൌന്ദര്യത്തിടമ്പിനെ ഇന്നെനിക്കു സ്വന്തമാക്കാന്‍ കഴിയുന്നത്. കല്യാണം ആലോചിച്ചു വന്ന അന്നു തന്നെ എന്റെ സ്വത്തു വിവരങ്ങള്‍ ഗോവിന്ദേട്ടന്‍ വിവരിക്കുമ്പോളുള്ള മാധവന്റെയും ഭാര്യയുടെയും താല്പര്യം ഞാന്‍ കണ്ടതാണല്ലോ. പണമുള്ളതു കൊണ്ട് എന്റെ എല്ലാ സ്വഭാവദൂഷ്യങ്ങളും മറന്ന് ദേവിയേപ്പോലൊരു സുന്ദരിയെ ജീവിതസഖിയായി കിട്ടി. കടന്നുവന്ന ഓരോ പെണ്‍കുട്ടികളെയും ആവശ്യം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ മനസിലുണ്ടായിരുന്നതൊരു പേടി മാത്രം ആയിരുന്നു. എനിക്കു കിട്ടുന്നത് ആരുടെ കളിപ്പാട്ടമായിരിക്കും എന്നത്. ആ കാര്യത്തിലും ഞാന്‍ ഭാഗ്യവാനാണ്. ആദ്യ കാഴ്ചയില്‍ തന്നെ എന്നെ വല്ലാതെ വശീകരിച്ചു കളഞ്ഞു അവള്‍. ഇന്നത്തോടെ അവള്‍ എന്റെ സ്വന്തമാകുന്നു. സമയം ഇത്തിരി വേഗത്തില്‍ നീങ്ങിയിരുന്നെങ്കില്‍ .......


കാമുകന്‍


ദേവീ, നിന്നെ ഞാന്‍ എന്തുമാ‍ത്രം സ്നേഹിച്ചിരുന്നു. നീ പിറന്നു വീണ അന്നു മുതല്‍ നീ എന്റേതെന്നു കേട്ടായിരുന്നു ഞാന്‍ വളര്‍ന്നത്. ആ നീ ഇന്നു മറ്റൊരാളുടേതാവുന്നു. നീ ഇപ്പോ കരുതുന്നുണ്ടാവും ഒരു സിനിമയിലെ നായകനേപ്പോലെ ഞാന്‍ വന്നു നിന്നെയും വിളിച്ചിറക്കി പോരുമെന്നു. ജീവിതം ചിലപ്പോളൊക്കെ അങ്ങനെയാണു മോളെ. നാം ആഗ്രഹിക്കുന്നതൊന്നു, ദൈവം കല്പിക്കുന്നതു മറ്റൊന്ന്. കുറച്ചൊക്കെ നമ്മള്‍ പ്രാക്റ്റിക്കലായി ചിന്തിക്കണം. പിന്നെ നിന്നെ കെട്ടുന്നവന്‍ നിന്നെ ഉടനെയൊന്നും ഗള്‍ഫിലേക്കു കൊണ്ടു പോകില്ല എന്നാണു ഞാന്‍ അറിഞ്ഞത്. അപ്പോള്‍ പിന്നെ എന്തു പ്രശ്നം. നമുക്കു പഴയപോലെ തന്നെ സുഖമായി ഇവിടെ ജീവിക്കാം. എനിക്കൊരു പേടിയുണ്ടായിരുന്നു നീ വല്ല ആത്മഹത്യാ ഭീഷണിയോ മറ്റോ മുഴക്കുമോന്നു. ഭാഗ്യം അത്തരം വിഡ്ഡിത്തരങ്ങള്‍ ഒന്നും നിന്റെ ഭാഗത്തു നിന്നുണ്ടായില്ലല്ലോ. അല്ല നീ അങ്ങനെയൊന്നും ചെയ്യില്ല എന്നെനിക്കറിയാം. പിന്നെ എനിക്കു ചില നല്ല കല്യാണാലോചനകള്‍ ഒക്കെ വരുന്നുണ്ട്. ഗോവിന്ദേട്ടന്‍ തന്നെയാണ് ഇതിന്റെയും ആള്. ഏതായാലും ഞന്‍ കുറച്ചു നാളുകള്‍ കൂടി കഴിഞ്ഞേ കല്യാണത്തേ പറ്റി ചിന്തിക്കുന്നുള്ളു. രണ്ടാഴ്ച കഴിയുമ്പോള്‍ മധു തിരിച്ചു പോകുമല്ലോ അല്ലേ. അപ്പോ നമുക്കു തമ്മില്‍ കാണാം. നല്ലൊരു വിവാഹ ജീവിതം നിനക്കു കിട്ടട്ടേ എന്നാശംസിക്കുന്നു

4 comments:

  1. ഈ കാലഘട്ടത്തിന്റെ പൊള്ളയായ പ്രണയം. വഞ്ചനയുടെയും ചതിയുടെയും ലോകം കഥയിലൂടെ വരച്ചു കാട്ടിയിരിക്കുന്നു. കൊള്ളാം.

    ReplyDelete
  2. കലക്കിയിട്ടാ നല്ലീ.. എഴുതി എഴുതി തെളിയുന്നുണ്ട്

    ReplyDelete
  3. കൊള്ളാം കാമുകന്റെതാണ് ശരിയായ രീതി

    ReplyDelete
  4. ഹ ഹ കൊള്ളാം...

    ( ബാക്കി എന്തെങ്കിലും കമന്റ് ഞാന്‍ പറഞ്ഞാല്‍ നീ എനിക്കെതിരെ കൊട്ടേഷന്‍ കൊടുക്കും:) )

    ReplyDelete